വിട പറഞ്ഞത് നാടിൻ്റെ ഗുരുനാഥൻ



താമരശേരി: അമ്പലമുക്കിൽ തിങ്കളാഴ്ച നിര്യാതനായ അന്താനംകുന്ന് ബാലകൃഷ്ണൻ മാസ്റ്ററുടെ വിയോഗത്തോടെ നാടിന് നഷ്ടമായത് തലമുറകളുടെ ഗുരുനാഥനെ. വെഴുപ്പൂർ എ.എൽ.പി സ്കൂളിൽ ദീർഘകാലം അധ്യാപകനും 17 വർഷം പ്രധാനാധ്യാപകനുമായിരുന്നു. 

1968 ൽ സ്ഥാപിതമായ സ്കൂളിൻ്റെ മൂന്നാമത്തെ പ്രധാനാധ്യാപകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ നിന്ന് ബി. കോം ബിരുദം നേടിയ ശേഷം ടി.ടി.സിയും കഴിഞ്ഞാണ് അധ്യാപകനായത്. വെഴുപ്പൂർ സ്കൂളിൽ ചേരുന്നതിന് മുമ്പ് കൂടത്തായ് ആസാദ് സ്കൂളിലും അധ്യാപകനായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ സ്കൂളുകളും വിദ്യാഭ്യാസ പുരോഗതിയും അന്യമായിരുന്ന കാലത്ത് വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാൻ അഹോരാത്രം പ്രവർത്തിച്ചു. വീട് വീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കി. 

സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വാഹനം വിളിപ്പിച്ച് ആശുപത്രിയിൽ എത്തിച്ച് തിരിച്ച് വീട്ടിലാക്കിയ ശേഷമേ അദ്ദേഹത്തിന് വിശ്രമം ഉണ്ടായിരുന്നുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുമായിരുന്നു. വിരമിക്കലിന് ശേഷവും നാട്ടിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. 

അമ്പലമുക്ക് ജനകീയ സമിതിയുടെ പ്രസിഡൻ്റായിരുന്നു. ഇക്കാലത്ത് സാമൂഹിക സൗഹാർദത്തിന് വേണ്ടി അദ്ദേഹം സജീവമായി പ്രവർത്തിച്ചു. അമ്പലമുക്കിൽ ചേർന്ന അനുശോചന യോഗത്തിൽ വാർഡ് മെമ്പർ ഷംസിദ ഷാഫി അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. മുഹമ്മദ്,എ.കെ. അബ്ബാസ്, മോഹൻദാസ് ,ഹന്നത്ത് ടീച്ചർ, പി.പി. ഉണ്ണികൃഷ്ണൻ, ബാലൻ പുല്ലങ്ങോട്, വി.പി. ഇസ്മയിൽ, റഷീദ് അരച്ചോല, കെ.എം. രാജൻ, കരീം, സീന റഷീദ് എന്നിവർ സംസാരിച്ചു. കെ.എം റഷീദ് സ്വാഗതവും കെ.എം. അഷ്കർ നന്ദിയും പറഞ്ഞു. 

Post a Comment

0 Comments