ജീവിതത്തിലെ കല്ലുകടികൾ; പരിഹാരവുമായി മെക് 7



✍️ ഡോ.ഇസ്മായിൽ മുജദ്ദിദി
കോഡിനേറ്റർ
മെക് 7, നോർത്ത് സോൺ, കേരള


ധുനിക കാലത്ത് ജീവിത ശൈലീരോഗങ്ങളുടെ പിടിയിലമർന്ന ജനതയെ 2019 ൽ വന്നു ചേർന്ന കൊറോണ വൈറസ് പിടിച്ചുലച്ചു കളഞ്ഞു. മരുന്നും ചികിത്സയുമില്ലാതെ നിരവധി പേരുടെ ജീവനെടുത്തു.  ഒന്നര വർഷക്കാലമാണത് നീണ്ടുനിന്നത്. മുതിർന്നവർ, യുവാക്കൾ, കുട്ടികൾ തുടങ്ങി സ്ത്രീ പുരുഷ ഭേദമന്യെ സർവരെയും ആ മഹാമാരി കടന്നാക്രമിച്ചു. നിരവധി പേർക്ക് ജീവിതോപാധികൾ നഷ്ടമായി. തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങിയ വിദേശികളും ധാരാളമാണ്. കമ്പനികൾ, വ്യവസായങ്ങൾ, കച്ചവടങ്ങൾ പലതും നഷ്ടത്തിലായി. അതിൻ്റെ ആഘാതം ഇനിയും അവസാനിച്ചിട്ടില്ല. 

ഭയവിഹ്വലമായ ദിനരാത്രങ്ങൾ...! വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനങ്ങൾ എത്തി. തീയതി കിട്ടാനും ഡോക്ടറെ കാണാനും ഏറെ ബുദ്ധിമുട്ടി. പക്ഷെ, വാക്സിനും ഫലിക്കാതെ പലരും യാത്രയായി. എങ്കിലും വലിയ തോതിലുള്ള വ്യാപനം നിയന്ത്രിക്കാൻ സർക്കാറുകൾ തങ്ങളാലാകുന്ന ശ്രമങ്ങൾ നിർവഹിച്ചു. 

ജീവിത ശൈലീ രോഗങ്ങൾ

കോവിഡിനു മുമ്പെന്ന പോലെ ശേഷവും ജീവിത ശൈലീ രോഗങ്ങൾ ദൈനംദിനം വർധിച്ചുവരികയാണ്. ജീവിത സൗകര്യങ്ങൾ വർധിച്ചതും ഭക്ഷണവിഭവങ്ങളുടെ തെരഞ്ഞെടുപ്പും വ്യായാമ ശീലങ്ങളുടെ അപര്യാപ്തതയും നിമിത്തം നാല്പതു വയസോടെ വിവിധ രോഗങ്ങൾ ശരീരങ്ങളിലേക്ക് പാഞ്ഞടുക്കുകയാണ്. ഇരുന്ന് ജോലി ചെയ്യുന്നവരിലെ നടുവേദന, മുട്ടുവേദന എന്നിവയും കഠിനജോലിയെടുക്കുന്നവരിലെയും ഉദ്യോഗസ്ഥരുടെയും മറ്റും മാനസിക സമ്മർദ്ദവും നിമിത്തമുണ്ടാകുന്ന അസുഖങ്ങളും ശരീരത്തിൻ്റെ ഓജസ് നഷ്ടപ്പെടുത്തുകയും അകാലവാർധക്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

മെക് 7 നൽകിയ സംഭാവനകൾ

കേരളത്തിനകത്തും പുറത്തും വലിയ പ്രചാരം നേടി ജനപ്രീതി കൈവരിച്ച് മുന്നോട്ടു പോകുന്ന പ്രത്യേക വ്യായാമ പരിശീലന സംവിധാനമാണ് മെക് 7. ആരോഗ്യരംഗത്ത് വിപ്ലവങ്ങൾ കൊണ്ടുവരാൻ മെക്സവൻ പരിശീലനത്തിലൂടെ സാധ്യമായിട്ടുണ്ട്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പരിശീലനത്തിൽ ഇതിനകം വിവിധ പ്രദേശങ്ങളിലായി സ്ത്രീ-പുരുഷ ഭേദമന്യെ പതിനായിരങ്ങൾ അണിനിരന്നു കഴിഞ്ഞു. രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് പ്രദേശത്ത് ഒരിടത്ത് സമ്മേളിക്കുകയും 25 മിനുട്ട് ദൈർഘൃമുള്ള വ്യായാമത്തിൽ പങ്കെടുത്ത് സൗഹൃദം പങ്കുവെച്ച് മടങ്ങുകയും ചെയ്യുന്നു. ജോലിത്തിരക്കുകൾ നിമിത്തം നാട്ടിലെ സൗഹൃദം അന്യമാകുന്ന സാഹചര്യത്തിൽ വലിപ്പച്ചെറുപ്പമന്യെ, മത-രാഷ്ട്രീയ- കുബേര- കുചേല വിവേചനങ്ങൾ ഇല്ലാതെ എല്ലാവർക്കും ഒന്നിക്കാനുള്ള വേദിയാകുന്നു എന്നതാണ് മെക്സവൻ ജനകീയമായതിനു പിന്നിലെ കാര്യം.

മെക് 7 എന്ത്? എന്തിന്?

സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സ്വലാഹുദ്ദീൻ രൂപകൽപന ചെയ്ത പരീശീലന മുറയാണിത്.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 2010 ൽ പരമ്പരാഗത യോഗയാണ് നാട്ടിൽ ആദ്യം ആരംഭിച്ചത്. സമയവും ക്ഷമയും ആവശ്യമായ യോഗ അഭ്യസിക്കാൻ പരിമിതമായ ആളുകൾ മാത്രമേ എത്തിയുള്ളൂ . 2012 ൽ ഏഴ് തരം വ്യായാമ മുറകളുടെ സംയോജനത്തിലൂടെ എല്ലാവർക്കും നിർവഹിക്കാവുന്ന വിധം അദ്ദേഹം ഇനങ്ങളെ തിരഞ്ഞെടുത്തു. അതിനാലാണ് മെക്7 (മൾട്ടി എക്സർസൈസ് കോംപിനേഷൻ) എന്ന പേര് സ്വീകരിച്ചത്. നിലവിലുള്ള ഒരു വ്യായാമരീതികളെയും നിരാകരിക്കാതെ എല്ലാ ഇനങ്ങളിലെയും ലളിതമായ 21 ഇനങ്ങൾ ഉൾപ്പെടുത്തി. യോഗ, എയറോബിക്സ്, നോർമൽ എക്സർസൈസ്, ഡീപ് ബ്രീത്തിങ്, അക്യൂ പ്രഷർ, ഫേസ് മസാജ്, മെഡിറ്റേഷൻ തുടങ്ങി ഏഴ് തരം വ്യായാമമുറകളിൽ നിന്നാണ്  ഇവ തിരഞ്ഞെടുത്തത്‌. 

തൻ്റെ പ്രദേശമായ കൊണ്ടോട്ടി തുറക്കൽ സ്കൂൾ ഗ്രൗണ്ടിൽ ഏതാനും പേരെ പരിശീലിപ്പിച്ചു പോന്ന ഈ രാജ്യ സേവകൻ ക്രമേണ പരിസര പ്രദേശങ്ങളിൽ നിന്ന് വന്നു ചേർന്നവർക്കും തൻ്റെ വ്യായാമമുറകൾ പരിശീലിക്കാൻ അവസരമൊരുക്കി. നിരന്തരമായ നിരീക്ഷണത്തിലൂടെ മികച്ച റിസൽട്ട് ലഭിച്ചതായി ബോധ്യപ്പെട്ടപ്പോൾ പരിസര പ്രദേശങ്ങളിൽ പുതിയ യൂണിറ്റുകൾ ആരംഭിച്ചു. ചെമ്മരപ്പറ്റയിലും പിന്നീട് പെരുവള്ളൂരിലും യൂണിറ്റുകൾ രൂപപ്പെട്ടു. നിരവധി രോഗങ്ങൾക്ക് വലിയ തോതിൽ ശമനം ലഭിച്ചു തുടങ്ങി. 1750 ൽ പരം ശരീരചലനങ്ങൾ സാധ്യമാക്കുന്ന മെക്സവൻ പിന്നീട് ത്വരിതഗതിയിലാണ് വികസിച്ചത്. ജനങ്ങൾ എല്ലായിടത്തും ഏറ്റെടുത്തു. ഇതരസ്റ്റേറ്റുകളിലും വിദേശ രാജ്യങ്ങളിലും വലിയ തോതിൽ ആളുകൾ അതിരാവിലെ പരിശീലനത്തിനെത്തുന്നുണ്ട്.  നൂറിനടുത്ത് ശാഖകളിൽ മെക്സവൻ കൂട്ടായ്മ രൂപപ്പെട്ടു കഴിഞ്ഞു. ഓരോ യുണിറ്റിലും നൂറുക്കണക്കിനാളുകൾ ഇതിൻ്റെ ഗുണ ഫലം അനുഭവിക്കുന്നു. ഡോക്ടർമാർ,എഞ്ചിനീയർമാർ, ഐ ടി ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, വ്യവസായികൾ, ജനപ്രതിനിധികൾ മുതൽ സാധാരണക്കാർ വരെ ഈ ദൗത്യത്തിൽ ഭാഗമായിത്തീർന്നു. മരുന്നില്ലാത്ത -പണച്ചെലവില്ലാത്ത ശാരീരിക മാനസിക ഉല്ലാസത്തിൻ്റെ കലവറയാണ് മി.സ്വലാഹുദ്ദീൻ്റെ ഈ സംരംഭം.

മെക് സവൻ കൂട്ടായ്മ

       സാമൂഹിക പ്രതിബദ്ധതയാണ് അദ്ദേഹത്തെ ഇത്തരം ഒരു യജ്ഞത്തിലേക്ക് നയിച്ചത്.  അതിഥിയായി ചെന്നാൽ ഒരിടത്തു നിന്നും പ്രതിഫലം സ്വീകരിക്കാത്ത നിസ്വാർത്ഥ സാന്നിധ്യമാണ് ക്യാപ്റ്റൻ സ്വലാഹുദ്ദീൻ. രാവിലെ 6 മണിക്ക് തന്നെ ആരംഭിക്കുന്നതിനാൽ തലേദിവസം തന്നെ ദൂരെയുള്ള പുതിയ യൂണിറ്റുകളിൽ അദ്ദേഹം എത്തിച്ചേരുന്നു. ബ്രാൻ്റ് അബസഡർ അറക്കൽ ബാവ, ചീഫ് കോഡിനേറ്റർ മുസ്തഫ എന്നിവരെക്കൂടാതെ തൻ്റെ നാട്ടിലെ സൗഹൃദവലയം പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ ലീഡർമാരായി പോകുന്ന ട്രൈനർമാരെ വാർത്തെടുക്കാനും കുറ്റമറ്റ വിധം അവർ പരീശീലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താനും സൗജന്യ സേവനത്തിന് സ്വയം സന്നദ്ധരായവർക്ക് ട്രൈനിങ്ങ് ഓഫ് ട്രൈനേഴ്സ് (ടി ഒ ടി ) എന്ന സംവിധാനവും നിലവിലുണ്ട്. സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ മുഹമ്മദ് ഷാ ആണ് പ്രാക്ടിക്കൽ സെഷനുകൾ നയിക്കുന്നത്.

ഊഷ്മളമയ സൗഹൃദത്തിൻ്റെയും മനുഷ്യബന്ധങ്ങളുടെയും വേദിയാവുകയാണ് മെക്സവൻ. നാട്ടുകാരുടെ ഉല്ലാസയാത്രകൾ, മെഡിക്കൽ ക്യാമ്പുകൾ, പഠന ക്യാമ്പുകൾ, ഭിന്നശേഷികേന്ദ്രങ്ങളിൽ സന്ദർശനം തുടങ്ങി വേറിട്ട പരിപാടികൾ ഓരോ യൂണിറ്റുകളും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. സമൂഹത്തിൻ്റെ നാനാതുറകളിലുമുള്ള വ്യക്തികളെ കാണാനും അറിയാനും പരിചയപ്പെടാനും കഴിയുന്നുവെന്നത് മെക് 7 നൽകുന്ന പുതിയ കാലത്തെ സവിശേഷമായ സംഗതിയാണ്.

മെക്7 പരിവർത്തനങ്ങളിലൂടെ

നടുവേദനയും കാൽ മുട്ടുവേദനയും അനുഭവിച്ച് ദീർഘകാലം ചികിത്സ തേടിയിരുന്ന നിരവധി പേർ ഇതിനകം ആരോഗ്യനില വീണ്ടെടുത്തു. അക്കൂട്ടത്തിൽ ഒരാളാണ്  ഒരു വർഷമായി പരിശീലനം തുടർന്ന  ഈ വിനീതനും. രണ്ടാഴ്ച കൊണ്ട് തന്നെ ഷുഗറും രക്തസമ്മർദ്ദവും നോർമലായവരാണ് ഭൂരിപക്ഷവും. ഹൃദ്രോഗം നിമിത്തം ആൻജിയോ ചെയ്തവരും ഡയാലിസിസിന് വിധേയരായവരും പല കേന്ദ്രങ്ങളിലും പരിശീലിക്കുന്നുണ്ട്. ഫിസ്റ്റുല, അർശസ്, വെരിക്കോസ് വെയിൻ തുടങ്ങിയ അസുഖങ്ങൾ മിക്കവർക്കും ശമനമായിട്ടുണ്ട്. ബ്രീത്തിങ്ങിലൂടെ സെല്ലുകൾക്ക് ലഭിക്കുന്ന ഊർജം യൗവനം വീണ്ടെടുക്കാനും ശരീരത്തെ അറിഞ്ഞ് പെരുമാറാനും പ്രാപ്തനാക്കുന്നു. പ്രായമായവരിലെ പേശീബലം വർധിപ്പിച്ച് എല്ലുകൾക്ക് കരുത്തു പകരുകയാണ് ഈ പരിശീലനത്തിലൂടെ.അവരുടെ യൗവനവും പ്രസരിപ്പും ദിവസങ്ങൾക്കകം വീണ്ടെടുക്കുന്നു. കൂടാതെ വിവിധ തരക്കാരായ വ്യക്തികളുമായി സമ്പർക്കം സ്ഥാപിച്ച് ജീവിതത്തിൻ്റെ പിരിമുറുക്കം അവസാനിപ്പിക്കാനുള്ള അവസരം കൂടിയാണിത്. വിവിധ ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കു വലിയ ആശ്വാസമാണിത് നൽകുന്നത്.

സോഷ്യൽ മീഡിയ പിടിമുറുക്കിയ കാലത്ത് നിരവധി പേരെ ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മോചിപ്പിച്ച ഈ സംരംഭത്തിൻ്റെ പ്രചാരകരാകാം. എല്ലാ പ്രദേശങ്ങളിലും ഹെൽത്ത് ക്ലബ് യുണിറ്റുകൾ രൂപപ്പെട്ടാൽ സൂപ്പർ സ്പെഷ്യാലിറ്റികളിലേക്കുള്ള പലായനം ഒഴിവാക്കാനും വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് മുക്തരാകാനും സാധിക്കും.

Post a Comment

0 Comments